തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷകളുടെ ചോദ്യങ്ങൾ യൂട്യൂബ് ചാനൽ വഴി ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.(Education Minister confirms that Christmas exam question paper was leaked)
സംസ്ഥാനത്തിന് പുറത്താണ് ചോദ്യപേപ്പർ അച്ചടിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ഇത് പുറത്ത് പോകില്ല. സ്വകാര്യ ട്യൂഷൻ സെന്‍ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തും എന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിക്കും സൈബല്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകളാണ് ചോർന്നത്. കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനൽ വഴി ചോദ്യങ്ങൾ പുറത്തായത്. ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നത്.