പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ പ്രിൻസിപ്പലിനെതിരെയും പ്രതികളായ വിദ്യാർത്ഥികൾക്കെതിരെയും നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.(Nursing student Ammu’s death; 3 accused students were suspended)
സീപാസിന് കീഴിലുള്ള സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലെ പ്രിൻസിപ്പലായി നിയമിച്ചു. കേസിലെ മൂന്നു പ്രതികൾക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, അമ്മുവിന്‍റെ മരണത്തിൽ അധ്യാപകനെതിരെ കുടുംബം പരാതി നൽകി. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്‍റെ അച്ഛൻ സജീവ് പോലീസിൽ പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.









