ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തു.(Sri Lanka Navy arrested eight Indian fishermen)
മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേനാ പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും രാമനാഥപുരം സ്വദേശികളായ നാല് വീതം മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ടെണ്ണമാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ ജാഫ്‌ന ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.