ശ്രീനഗർ: രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വാനിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കാശ്‌മീരിലെ ഉധംപൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.(Two policemen shot dead inside a van in Udhampur)
വടക്കൻ കാശ്മീരിലെ സോപോറിൽ നിന്ന് റിയാസി ജില്ലയിലെ തൽവാരയിലുള്ള സബ്‌സിഡറി ട്രെയിനിംഗ് സെന്റർ പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് വെടിയേറ്റ് മരിച്ചത്. ഡ്രെെവറായ കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ന് ഉധംപൂരിലെ കാളി മാതാ ക്ഷേത്രത്തിന് സമീപത്താണ് വാനിനുള്ളിൽ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരിൽ ഒരാൾ മറ്റൊരു പൊലീസുകാരനെ കൊന്നശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. ഇതേ വാഹനത്തിലുണ്ടായിരുന്ന ഒരു ഗ്രേഡ് കോൺസ്റ്റബിൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.