മൂന്നാർ: ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽനിന്ന് 10,000 കിലോ അരി സ്വകാര്യവിപണിയിൽ മറിച്ചുവിറ്റെന്ന് റിപ്പോർട്ട്. സ്റ്റോക്കിൽ 10 ടണ്ണിലധികം അരിയുടെ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് പെട്ടിമുടിയിലെ ഗോഡൗണിലെ സ്റ്റോർ കീപ്പർമാരായ രണ്ടുപേരെ ചുമതലയിൽനിന്ന് നീക്കി. ഗിരിജൻ സൊസൈറ്റി മുൻ സെക്രട്ടറിയെയും സഹോദരനെയുമാണ് ചുമതലയിൽനിന്ന് നീക്കിയത്.
സിവിൽ സപ്ലൈസ് വകുപ്പിലെ ചില താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് അരി മറിച്ചുവിറ്റതെന്നാണ് പുറത്തുവരുന്ന വിവരം. ഇടമലക്കുടിയിലെ ആദിവാസികൾക്ക് കഴിഞ്ഞ മാസത്തെ റേഷൻ 21 ദിവസമായി തടസ്സപ്പെട്ട് കിടക്കുകയാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡും നടപടിയും. കലക്ടറുടെ ഇടപെടലിൽ ഇടമലക്കുടിയിൽ അഞ്ചര ടൺ റേഷൻ അരി അടിയന്തരമായി എത്തിക്കുന്നതിനും നടപടിഎടുത്തു.
അഞ്ചര ടൺ റേഷൻ സാധനങ്ങൾ രണ്ടു റേഷൻ കടയിലെത്തിയതോടെ ഇന്നലെ രാവിലെ മുതൽ ഇടമലക്കുടിയിൽ റേഷൻ വിതരണം പുനരാരംഭിച്ചു.
കലക്ടർ വി. വിഘ്നേശ്വരിയുടെ നിർദേശപ്രകാരം ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ, ഇടമലക്കുടിയിൽ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ഗിരിജൻ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെട്ടിമുടിയിലെ റേഷൻ ഗോഡൗൺ, സൊസൈറ്റിക്കുടി, പരപ്പയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാതെ പെട്ടിമുടിയിലെ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
പെട്ടിമുടിയിലെ ഗോഡൗണിൽനിന്ന് പ്രത്യേക വാഹന സൗകര്യമൊരുക്കിയാണ് അരി ഉൾപ്പെടെ സാധനങ്ങൾ എത്തിച്ചത്. കഴിഞ്ഞ മാസം റേഷൻ അരി ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ ഗോത്രവർഗക്കാർ മൂന്നാർ, മാങ്കുളം എന്നിവിടങ്ങളിലെത്തി പൊതു വിപണിയിൽനിന്ന് കൂടിയ വില നൽകിയാണ് അവശ്യ സാധനങ്ങൾ വാങ്ങിയിരുന്നത്.