കൊച്ചി: 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർ പ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് അജിത്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് അജിത്തിൻെറ അറസ്റ്റ് രേഖപ്പെടുത്തി.
ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ ജോലിക്ക് കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാൾ. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നൽകുന്നത് അസി. ലേബർ കമ്മിഷണറായ അജിത്താണ്.
ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് കൈക്കൂലി വാങ്ങിയിരുന്നത്. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു അജിത് വിജിലൻസിന്റെ പിടിയിലായത്.