ബെംഗളൂരു: മലയാളി ബിരുദ വിദ്യാർത്ഥിയെ ബെംഗളൂരുവിലെ താമസസ്ഥനത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി തറയിൽ ടി.എം.നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാർട്മെന്റിലാണ് സംഭവം.(Malayali student found dead in Bengaluru)
അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാൽ ഷാമിൽ ഒറ്റയ്ക്കാണ് ഇവിടെ കഴിഞ്ഞിരുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയാണ് മുഹമ്മദ് ഷാമിൽ. രാജനകുണ്ഡെ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം അംബേദ്കർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാവ്: വഹീദ. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്.