കൊച്ചി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. സുരേഷ് ഗോപിയ്ക്കും തിരുവമ്പാടി ദേവസ്വത്തിനും എതിരെ റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു എന്നാണ് ആരോപണം.(Thrissur pooram controversy; Cochin Devaswom Board submitted report)
പൂരം അലങ്കോലമായതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സംശയമുണ്ടെന്നും പരാമർശിച്ചിട്ടുണ്ട്. താൻ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യ വാർത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായാതായി റിപ്പോർട്ടിൽ പറയുന്നു.
വരും വർഷത്തെ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹർജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു.