സേലം: ഹെഡ് സെറ്റ് ചെവിയിൽ വെച്ച് മൊബൈൽ ഫോണിൽ ഗെയിം കളിച്ച് ട്രാക്കിലൂടെ നടന്ന കുട്ടികൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം.
സേലം യതാപൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളായ ദിനേശ്, ആർ.അരവിന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും സേലം പുത്തിരഗൗണ്ടപാളയം സ്വദേശികളാണ്.
ആത്തൂരിലാണ് ദാരുണ സംഭവം നടന്നത്. ഹെഡ് സെറ്റ് ഉപയോഗിച്ചതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. സേനം – വൃധചലം പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് മരണം. ദിനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അരവിന്ദിനെ തൊട്ടടുത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേലം പൊലീസ് കേസെടുത്തിട്ടുണ്ട്.