‘ആത്മകഥ’യിലെ പരാമർശങ്ങൾ വിവാദമായിരിക്കെ ഇ.പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തു മടങ്ങി.
സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയപ്പോൾ ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാതെയായിരുന്നു മടക്കം. യോഗത്തിനു എത്തുമ്പോൾ അദ്ദേഹത്തെ മാധ്യമങ്ങൾ കണ്ടിരുന്നുവെങ്കിലും ഒരു പ്രതികരണവും നടത്തിയില്ല. താൻ മാധ്യമങ്ങളെ കാണും എന്ന് മാത്രമാണ് പറഞ്ഞത്.
ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന ആണെന്നും താൻ എഴുതിയത് അല്ല പുറത്തുവന്നതെന്നുമാണ് ജയരാജൻ സിപിഎം സെക്രട്ടേറിയറ്റിനെ അറിയിച്ചത്.
പുസ്തകത്തിന്റെ ഉള്ളടക്കം താൻ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കൾ മുഖവിലയ്‌ക്കെടുക്കുന്നില്ല.
എന്നാൽ അദ്ദേഹത്തോട് ആലോചിക്കാതെയാണ് അതു പ്രസാധകർ പ്രസിദ്ധീകരിക്കാനൊരുങ്ങിയതെന്ന വാദം ശരിയാണെന്ന് അവരും കരുതുന്നു.
തിരിച്ച് പോവുമ്പോഴും മൗനത്തിൽ തന്നെയായിരുന്നു ജയരാജൻ. ആത്മകഥാ വിവാദത്തിൽ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ വിശദീകരണം നൽകി എന്നാണ് വിവരം.
ആസൂത്രിതമായ ഗൂഡാലോചന ഇതിന് പിന്നിൽ നടന്നു എന്ന് തന്നെ അദ്ദേഹം വിശദീകരിച്ചിരിക്കാനാണ് സാധ്യത. ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയത്.
എൽഡിഎഫ് കൺവീനർ പദവിയിൽനിന്നു നീക്കിയതു മുതൽ, എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ സംസ്ഥാന നേതൃത്വത്തോട് തികഞ്ഞ അകൽച്ചയിലായിരുന്നു ജയരാജൻ.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച വിവാദമായി നിൽക്കുമ്പോൾ തന്നെയാണ് അദ്ദേഹത്തെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്.
ഇതിൽ കടുത്ത അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുശേഷം അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോൾ ഇപിയെ കേന്ദ്രീകരിച്ച് ആത്മകഥാ വിവാദം കത്തുമ്പോഴാണ് അദ്ദേഹം യോഗത്തിന് വീണ്ടും എത്തുന്നത്.
ആസൂത്രിതമായ ഗൂഡാലോചന ആത്മകഥാ വിവാദത്തിന് പിന്നിലുണ്ടെന്ന് ഇന്നലെ പാലക്കാട് വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാർട്ടിയിൽ തന്നെ ഗൂഡാലോചന നടന്നോ എന്നുള്ള സംശയവും ഇപിക്ക് ഉള്ളതായാണ് സൂചന. ആത്മകഥ തിരുത്താൻ ഏൽപിച്ച ലേഖകനിൽ നിന്നും ഉള്ളടക്കം ചോർന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.