തൃശൂർ: തൃശൂരിൽ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ചു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് – തൃശൂർ ദേശീയപാതയിൽ നീലിപ്പാറയിലാണ് സംഭവം. കുഴൽപ്പണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല.
ചുവപ്പ് കിയ കാറിനെ പിന്തുടർന്നെത്തിയ ഇന്നോവ കാർ പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് കിയ കാറിലെ യാത്രക്കാരനെ ബലമായി വലിച്ച് പുറത്തിറക്കി ഇന്നോവ കാറിലേക്ക് കയറ്റി വേഗത്തിൽ ഓടിച്ചു പോയി.
ആദ്യം തൃശൂർ ഭാഗത്തേക്ക് ആണ് പോയത്. പിന്നീട് കാർ തിരിച്ച് പാലക്കാട് ഭാഗത്തേക്കും പോയി. മൂന്ന് ഇന്നോവ കാറുകൾ സംഘത്തിലുണ്ടായിരുന്നു. ഇതിൽ രണ്ട് ഇന്നോവ കാറുകൾ ഗ്രേ നിറത്തിലും ഒരെണ്ണം വെള്ള നിറത്തിലുമുള്ളതാണ്.