മത്സരത്തിൻ്റെ അവസാനം വരെ സസ്പെൻസ് നിലനിന്ന ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ.
ഇന്ത്യയുയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനെ സാധിച്ചുള്ളു.
22 പന്തിൽ നിന്ന് 41 റൺസ് നേടിയ ക്ലാസെനും 17 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 54 റൺസ് നേടിയ ജാൻസെനും ദക്ഷിണാഫ്രിക്കയുടെ കരുത്ത് തെളിയിച്ചു.
ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്ത്തി ജയമൊരുക്കിയത് അർഷദീപ് സിംഗിന്റെ ബൗളിംഗ് മികവായിരുന്നു.
37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അർഷദീപാണ് വിജയ ശില്പി. വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ ബാറ്റിംഗിനിറങ്ങിയവരെല്ലാം ശരാശരിക്ക് മുകളിലുള്ള പ്രകടനം കാഴ്ചവച്ചു. മില്ലർ-ക്ലാസൻ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭീഷണിയുയർത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 219 റണ്‍സ് എടുത്തത്. 56 പന്തുകളില്‍ 107 റണ്‍സെടുത്തു തിലക് വര്‍മ പുറത്താകാതെനിന്നു. 25 പന്തില്‍ 50 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മ തിലകിന് മികച്ച പിന്തുണ നല്കി. ബോളിങ്ങിൽ ഇന്ത്യക്കായി അർഷദീപ് മൂന്ന് വിക്കറ്റുകൾ നേടി.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായി.
എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും തിലക് വർമയും ചേർന്ന് ഇന്ത്യയെ കൈ പിടിച്ചു കയറ്റുകയായിരുന്നു.
ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. അഭിഷേക് ശർമ 25 പന്തുകളിൽ മൂന്നു ബൗണ്ടറുകളും അഞ്ച് സിക്സറുകളുമടക്കം 50 റൺസ് നേടുകയുണ്ടായി. അഭിഷേക് പുറത്തായിട്ടും മറുവശത്ത് ഉണ്ടായിരുന്ന തിലക് വർമ വെടിക്കെട്ട് തീർക്കുകയായിരുന്നു.
ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്. 56 പന്തുകളിൽ എട്ട് ബൗണ്ടറികളും ഏഴ് സിക്സറുകളുമടക്കം 107 റൺസാണ് തിലക് വർമ നേടിയത്. ഇതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു. നിശ്ചിത 20 ഓവറുകളിൽ 219 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.