കൊല്ലം: കൊല്ലത്ത് മൂന്നര വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പിതൃസഹോദരൻ അറസ്റ്റിൽ. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് ക്രൂരത നടന്നത്. ആറുമാസത്തിനിടെ നിരവധി തവണയാണ് കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.(Accused who molested three-and-a-half-year-old girl arrested)
മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ആറുമാസങ്ങൾക്ക് മുൻപാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുന്നത് എന്ന് പോലീസ് പറഞ്ഞു. തുടർന്ന് കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസവും കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതേ തുടർന്ന് രക്ഷിതാക്കള്‍ വാര്‍ഡിലെ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തായത്. ഇവിടെ നിന്ന് കുട്ടിക്ക് ചികിത്സ നൽകി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈനിൽ നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി പറഞ്ഞത്.
ചൈൽഡ് ലൈൻ അധികൃതർ കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.