കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ ആവേശോജ്ജ്വല തുടക്കം. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നു. തുടർന്ന് സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.(State school sports fair inauguration)
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. മാർച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും.
ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സ്കൂൾ കായിക മേളയിൽ ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത.