ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോ ആയ കൊച്ചി വാട്ടർമെട്രോ കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായി മാറി. സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്പോൾ ഈ വാട്ടർമെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നതായി മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നുണ്ട്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും സാധിച്ചു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു.
പരിസ്ഥിതി സൗഹൃദവും അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതുമായ കേരള മോഡൽ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary : Kochi Water Metro is a proud of the Kerala Government. The number of passengers has crossed 30 lakhs in a year and a half