തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവും മരിച്ചു. അധ്യാപികയുടെ മരണത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭർതൃമാതാവ് ചെമ്പകവല്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.(Malayali teacher committed suicide in Nagercoil; The mother-in-law who tried to commit suicide and died)
വിവാഹത്തിന് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതി ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ശ്രുതിയുടെ ശബ്ദ സന്ദേശത്തിൽ ഉള്ളതായി ബന്ധുക്കൾ പ്രതികരിച്ചിരുന്നു.