വിനോദ സഞ്ചാരകേന്ദ്രമായ ഇടുക്കി പരുന്തുംപാറയിൽ നഷ്ടപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കാൻ നീക്കം ആരംഭിച്ച് റവന്യു വകുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി നഷ്ടപ്പെട്ട ഭൂമി കണ്ടെത്താനാണ് നീക്കം. കൈയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം നടത്തിയ യോഗത്തിൽ ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. Revenue Department to recover the rest of the land in Parunthumpara
110 ഏക്കർ സർക്കാർ ഭൂമി പരുന്തുംപാറയിൽ കൈയ്യേറിയതായി റവന്യു വകുപ്പ് മുൻപ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ അന്ന് ജില്ലാ കളക്ടറായിരുന്ന ഷീബ ജോർജ്ജ് ഉത്തരവിട്ടു.
തുടർന്ന് 41.5 ഏക്കർ ഭൂമി തിരിച്ചുപിടിക്കുകയും ഇവിടെ സർക്കാർ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി ഭൂമി നതിരിച്ചുപിടിക്കുന്നതിൽ റവന്യു വകുപ്പ് പരാജയപ്പെട്ടു.
സർക്കാർ ഭൂമി കൈയ്യേറിയവരുടെ പേരിൽ ലാൻഡ് കൺസെർവെൻസി നിയമപ്രകാരം കേസെടുക്കുമെങ്കിലും പരുന്തുംപാറയിൽ അതുണ്ടായില്ല. ഇത് ആക്ഷേപത്തിനിടയാക്കിയതോടെ കൈയ്യേറ്റക്കാരെ കണ്ടെത്താനും നീക്കം റവന്യു വകുപ്പ് തുടരുന്നുണ്ട്.
ഇതിനായി പട്ടയങ്ങളും ഡിജിറ്റൽ സർവേ വിവരങ്ങളും പരിശോധിക്കും. ഇതിനോടൊപ്പം വാഗമണ്ണിലെ കൈയ്യേറ്റങ്ങളും വ്യാജ പട്ടയങ്ങളെക്കുറിച്ചും അന്വേഷണം നടത്താനും നീക്കമുണ്ട്. വരുന്ന മാസം 20 ന് മുൻപ് അന്വേഷണം പൂർത്തിയാക്കുമെന്നാണ് സൂചന.