മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കാതെ അനർഹമായ രീതിയിൽ ആനുകൂല്യം കൈപ്പറ്റുന്നതായി കണക്കുകൾ പറയുന്നു. എന്നാൽ ഇത് ഇനി ശിക്ഷാ നടപടികൾക്ക് കാരണമാകും. മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ പേരുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോഴിക്കോട് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡുടമകൾക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ പേരുകൾ നീക്കിയില്ലെങ്കിൽ നടപടി എന്താകുമെന്ന ചോദ്യം ഉയർന്നത്.
മരിച്ചവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാൻ വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിൻറെ വില പിഴയായി ഈടാക്കുകയാണ് ചെയ്യുക. മരിച്ചവരുടെ പേരുകൾക്ക് പുറമെ കേരളത്തിനു പുറത്തുള്ളവരുടെ വിവരവും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്. റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. കോഴിക്കോട് ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിലായി 13,70,046 പേരാണുള്ളത്. ഇതിൽ 83 ശതമാനം ആളുകളാണ് മസ്റ്ററിങ് ചെയ്തത്.
മസ്റ്ററിങ് പൂർത്തിയാക്കാനുള്ള 17 ശതമാനം വ്യക്തികൾ ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിർദേശിച്ചത്.
മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യുന്നത് എങ്ങനെ?
മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യുകയാണ് വേണ്ടത്. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ എൻആർകെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എൻആർകെ പട്ടികയിലേയ്ക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.
മസ്റ്ററിങ് നടത്തിയവർക്കേ ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കു. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരിൽ നഷ്ടമാകാതിരിക്കാൻ കൂടിയാണ് മരിച്ചവരുടെത് നീക്കാൻ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗിൽ നിന്ന് വിട്ടു നിൽക്കുന്നവരെ കണ്ടെത്താനാണ് ശ്രമം.
നിലവിൽ നീല കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിങ്ങിന് നിർദേശം നൽകിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിർബന്ധമായും നീക്കും. പിങ്ക്, നീല കാർഡുകൾക്ക് ആളെണ്ണം നോക്കി വിഹിതം നൽകുന്നതിനാലാണിത്. മഞ്ഞ, വെള്ള കാർഡുകൾക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതുകൊണ്ട് തന്നെ ആരെങ്കിലും മരിച്ചാലും റേഷൻ വിഹിതത്തിൽ മാറ്റമുണ്ടാവില്ല.
English summary : Do you have names of deceased persons on your ration card; Is it too late to remove? Heavy penalties are to come