കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറാണ് പരാതി നൽകിയത്. ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.(Rape case filed against policeman on complaint of woman doctor)
തൃശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവില്‍ ആണ്. 20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
വിവാഹം എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പൊലീസ് ഓഫീസറെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു.
സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അവിവാഹിതനാണ് എന്നാണ് പൊലീസ് ഓഫീസര്‍ സ്വയം പരിചയപ്പെടുത്തിയത് എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പൊലീസ് ഓഫീസര്‍ വിവാഹിതനും കുട്ടികളുടെ പിതാവുമാണ്.