നവകേരള സദസിലെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണ് എന്നുള്ള വിവാദ പ്രസംഗത്തിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. രക്ഷാപ്രവർത്തനം തുടരാം എന്ന ആഹ്വാനം കുറ്റകൃത്യം നടത്താനുള്ള പ്രേരണയാണ് എന്ന പരാതിയിലാണ് നടപടി.The court ordered an inquiry against the Chief Minister
എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വർഷം ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് സംഭവം.
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത്‌കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതായി ആരോപണമുയർന്നത്. ഇതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം വലിയ വിവാദമായിരുന്നു.
അനില്‍ കുമാര്‍, സന്ദീപ് എന്നീ ഗണ്‍മാന്‍മാരാണ് തല്ലിയതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തേ പരാതിയും നൽകിയിരുന്നു. ഇവരെ ആലപ്പുഴ ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിനടുത്തേക്ക് ഓടിയടുത്തവരെ തടയുക മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് ചെയ്തത്. ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകള്‍ ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.”