ഡൽഹി: കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 145.60 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ കേരളം ആവശ്യപ്പെട്ട 3000 കോടിയുടെ അധിക സഹായത്തിന് തീരുമാനമില്ല. ഇന്നലെ മൂന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പ്രളയ ധനസഹായം അനുവദിച്ചിരുന്നു.( Central government has allowed Kerala flood financial assistance)
പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. കേരളം ഉള്‍പ്പെടെയുള്ള മറ്റു ഒമ്പത് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തിയെന്നും കേന്ദ്ര സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.
വയനാട് ദുരന്തത്തിൽ ഉള്‍പ്പെടെ കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക.