മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍). ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. Google Chrome users on mobile or laptop beware
അപകടസാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്.
വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് സെര്‍ട്ട് ഇന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും ക്രോമിലെ പഴുതുകള്‍ മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.