കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ ജാമ്യത്തിൽ വിട്ടു.(Sexual assault case; actor mukesh arrested)
കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. അതേസമയം, പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി. രാവിലെ അഭിഭാഷകനോട് ഒപ്പമാണ് മുകേഷ് എത്തിയത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്തത്.
മരട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്തത്. ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്.