വിവിധ ജോലിനൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് സൂചന. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. (Great opportunities again in Israel; 10th Class Education, Salary 2 Lakhs)
നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു.
ഉദ്യോഗാർഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ഒരു കെയർഗിവിംഗ് കോഴ്‌സും ഉണ്ടായിരിക്കണം.
കഴിഞ്ഞ വർഷം 10000 നിർമ്മാണ തൊഴിലാളികളെ വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 5,000 തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചു. ഈ വർഷമാദ്യം നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ മൊത്തം 16,832 ഉദ്യോഗാർഥികൾ പങ്കെടുത്തു. 10,349 പേരെ തെരഞ്ഞെടുത്തു.
വിജയികളായ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ് എന്നിവയ്‌ക്കൊപ്പം 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു.