കോട്ടയം: വാടക വീട് തരപ്പെടുത്തി കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ വീട് കയറി ആക്രമണം. ചങ്ങനാശ്ശേരി തുരുത്തിയിലാണ് സംഭവം. തുരുത്തി സ്വദേശിയായ ജോർജിനെയും മകൻ ലിജോയെയുമാണ് അയൽവാസിയായ റോബിൻ വീട്ടിൽ കയറി മർദ്ദിച്ചത്. He brutally beat up his neighbors because of his enmity for not providing a rented house to his friend
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന് വാടകവീട് തരപ്പെടുത്തി കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു ഇയാൾ അയൽവാസികളെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കു പരിക്കേറ്റ ലിജോയെയും ജോർജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. തുരുത്തി സ്വദേശിയായ ജോർജിനെയും മകൻ ലിജോയെയും അയൽവാസിയായ റോബിൻ, വീട്ടിൽ അതിക്രമിച്ച് കയറി മരകഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സുഹൃത്തിന് വാടകവീട് തരപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റോബിൻ ജോർജിനെയും മകൻ ലിജോയെയും സമീപിച്ചിരുന്നു.
വാടക വീട് തരപ്പെടുത്തി കൊടുക്കാനാവില്ല എന്നായിരുന്നു മറുപടി. ഇന്നലെ രാത്രി സമീപമുള്ള പള്ളിയിലെ പെരുന്നാളിൽ ഒരുമിച്ച് സംബന്ധിച്ച ഇവർ തമ്മിൽ ഈ പ്രശ്നത്തെ ചൊല്ലി വീണ്ടും തർക്കമായി. പിന്നീട് ഇവർ വീടുകളിലേക്ക് മടങ്ങിയെങ്കിലും പ്രതി റോബിൻ ലിജോയുടെയും ജോർജിന്റെയും വീട്ടിലേക്ക് മദ്യപിച്ച് എത്തുകയായിരുന്നു.
തുടർന്ന് റോബിൻ ഒരു മരകഷ്ണം ഉപയോഗിച്ച് ലിജോയുടെയും ജോർജിന്റെയും തലക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പ്രതി റോബിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതി റോബിനെതിരെ വധശ്രമത്തിന് ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.