ഒടുവിൽ സർക്കാർ അൻവറിന്റെ വഴിയിലേക്ക്. എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽമുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.Investigation announced against ADGP MR Ajithkumar
കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു സൂചന. . ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും.
എഡിജിപി എം.ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണു പുറത്താക്കിയതെന്നു മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പൊലീസിൽനിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്.
ഇത്തരം മാറ്റങ്ങൾക്കു നേരെ മുഖം തിരിഞ്ഞുനിൽക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിൽ ഉണ്ടെന്നുള്ളത് ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവർത്തനമാണു പൊലീസ് നേടിയ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്. -മുഖ്യമന്ത്രി പറഞ്ഞു.