സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ–മെയിൽ വഴിയാണ് പരാതി നൽകിയത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം.Bengali actress Srilekha Mitra filed a police complaint against Ranjith
സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായുമാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം പറഞ്ഞത്. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി.
ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നും ശ്രീലേഖ പറഞ്ഞു.
ഈ വിവരം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേദിവസം തന്നെ അറിയിച്ചിരുന്നതായും ശ്രീലേഖ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.