കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിയlൽ ഹൈക്കോടതി വിധി ഇന്ന്.The High Court verdict today on the plea not to release the Justice Hema Commission report
ചലച്ചിത്ര നിർമ്മാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി അരുണിൻറെ സിംഗിൾ ബഞ്ചാണ് വിധി പറയുക.
കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടാനിരിക്കേ ആയിരുന്നു റിപ്പോർട്ട് ഹൈക്കോടതി നേരത്തെ താത്കാലികമായി തടഞ്ഞത്.
ഹർജിയിൽ ഡബ്ല്യു.സി.സി, സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്ത് ഇരുവരുടെയും വാദം കേട്ടിരുന്നു.
റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിക്കാരന്റെ ആവശ്യം സംശയാസ്പദമെന്നാണ് ഡബ്യു.സി.സിയുടെ വാദം.
സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ സർക്കാരിനൊരു മാർഗ്ഗരേഖയാണ് റിപ്പോർട്ടെന്ന് വനിത കമ്മീഷനും വാദിച്ചു.
റിപ്പോർട്ടിന്റെ സംഗ്രഹ ഭാഗവും ശുപാർശയും പുറത്ത് വിടണമെന്നാണ് കമ്മീഷന്റെ ആവശ്യം.
റിപ്പോർട്ട് പുറത്തുവിടുന്നത് കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ അനുവദിക്കരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷനും ഹൈക്കോടതിയിൽ വാദമുന്നയിച്ചിരുന്നു.
റിപ്പോർട്ട് പുറത്തുവിട്ടാൽ തന്റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നതിൽ പൊതുതാൽപര്യമില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവരുടെ ഭാഗം കേൾക്കാതെയാണ് പുറത്ത് വിടാനുള്ള തീരുമാനം. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു.
ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മീഷന്റെ റിപ്പോർട്ട് സ്വകാര്യത സംബന്ധിച്ച വിവരങ്ങൾ ഒഴിവാക്കി പുറത്തു വിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
റlപ്പോർട്ട് പുറത്തു വിടാൻ വെറും ഒരു മണിക്കൂർ ശേഷിക്കെയായിരുന്നു ജൂലൈ 24-ന് ഹൈക്കോടതി താൽക്കാലിക സ്റ്റേ ഉത്തരവിറക്കിയത്.
2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങൾ.
2019 ഡിസംബർ 31-ന് ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് വിവാദങ്ങൾ ഉടലെടുത്തത്.