യുഎസ്‍എ: സ്കൂബാ ഡൈവിംഗിനിറങ്ങിയ ദമ്പതികൾ കൊടുങ്കാറ്റിൽ പെട്ടു ഒടുവിൽ ഇരുവരെയും തിരഞ്ഞുള്ള വിമാനം ഇവരെ കണ്ടെത്തുകയായിരുന്നു.A couple who were scuba diving got caught in a storm
എഡ്മണ്ടിൽ നിന്നുള്ള നഥനും കിം മേക്കറുമാണ് കൊടുങ്കാറ്റിൽ പെട്ട് കടലിൽ കുടുങ്ങിയത്. ടെക്സാസ് തീരത്താണ് സംഭവം. ഇരുവരെയും 36 മണിക്കൂറിന് ശേഷമാണ് രക്ഷാ സംഘം രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ ഒരു പതിവ് സ്കൂബ ഡൈവിനായാണ് ദമ്പതികൾ ഇറങ്ങിയത്. അപ്പോഴൊന്നും തങ്ങൾ്ക്ക് സംഭവിക്കാനിരിക്കുന്ന ദുരിതത്തിന്റെ ഒരു നേരിയ സൂചന പോലും ഇരുവർക്കും ഇല്ലായിരുന്നു.
എന്നാൽ, സ്കൂബാ ഡൈവിംഗിനിടെ ഒരു കൊടുങ്കാറ്റ് വീശുകയായിരുന്നു. ഇരുവരും തങ്ങളുടെ ബോട്ടിലേക്ക് തിരികെ ചെല്ലാൻ തുടങ്ങിയെങ്കിലും അതിന് സാധിക്കാതെ വന്നു.
നാഥന്റെ അമ്മാവനായ ചാൾസ് ഓവൻ പറയുന്നത്, കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ സ്കൂബാ ഡൈവിംഗിനെത്തിയ എല്ലാവരും ബോട്ടിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു. 16 പേർ ബോട്ടിൽ കയറുകയും ചെയ്തു.
എന്നാൽ, വെള്ളം കയറി വന്ന് എല്ലാവരേയും മുക്കിക്കളഞ്ഞു എന്നാണ്. മറ്റുള്ളവർ ഒരുവിധത്തിൽ സുരക്ഷിതരായി.
എന്നാൽ, നഥനും കിമ്മും സുരക്ഷാക്രമീകരണങ്ങളൊക്കെ വച്ച് സുരക്ഷിതരായിരിക്കാൻ ശ്രമിച്ചെങ്കിലും കൊടുങ്കാറ്റ് ഇരുവരേയും അകലേക്ക് മാറ്റിക്കളയുകയായിരുന്നു.
രണ്ട് ദിവസത്തിലധികം കോസ്റ്റ് ഗാർഡ് ഇരുവർക്കുമായി തിരഞ്ഞു. എന്നാൽ, 36 മണിക്കൂർ പിന്നിട്ടതോടെ ഇവർ തിരച്ചിൽ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാൽ, അവസാന നിമിഷം ഇരുവരേയും കണ്ടെത്തിയത് തിരച്ചിലിനുള്ള വിമാനമായിരുന്നു. നാഥനും കിമ്മും തങ്ങളുടെ ഡൈവിംഗ് ഫ്ലാഷ് ലൈറ്റുകൾ മിന്നിച്ചതാണ് ഇരുവരേയും കണ്ടെത്താൻ സഹായകമായിത്തീർന്നത്.
ഇവർ തെളിച്ച ഫ്ലാഷ് ലൈറ്റ് കണ്ടതോടെ വിമാനം ഉടനെ തന്നെ രക്ഷാപ്രവർത്തകരെയും ബോട്ടിനെയും കൃത്യമായ സ്ഥലത്തേക്ക് അയക്കുകയായിരുന്നു.
കണ്ടെത്തിയപ്പോൾ, നഥനും കിമ്മും വളരെ മോശം അവസ്ഥയിലായിരുന്നു. നിർജ്ജലീകരണം ഇരുവരേയും തളർത്തിയിരുന്നു.
കൂടാതെ ജെല്ലിഫിഷിന്റെ അക്രമവും. കിമ്മിന് അണുബാധയുണ്ട്. നാഥൻ ഡയബറ്റിക് കോമയിലാണ്.
ഇരുവരുടേയും കുടുംബം പറയുന്നത്, ഇരുവരേയും കണ്ടെത്താനായതിലെ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല എന്നാണ്. എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച് തിരച്ചിലും അവസാനിപ്പിക്കാനിരിക്കവെയാണ് ദമ്പതികളെ കണ്ടെത്തിയത് എന്നും ബന്ധുക്കൾ പറയുന്നു.