മഴയിൽ ഹീറോകളാകുന്നത് മിക്കവാറും പോലീസും അഗ്നിരക്ഷാസേനയുമാണ്. ജീവൻ പോലും പണയം വച്ച് അവർ നടത്തുന്ന രക്ഷാപ്രവർത്തനം പലപ്പോഴും അറിയാതെ പോകാറുണ്ട്. അത്തരമൊരു വാർത്തയാണിത്. തകർത്തു പെയ്യുന്ന മഴയെ തുടർന്ന് കുത്തിയൊലിക്കുന്ന കാര്യങ്കോട് പുഴയിലേക്ക് ചേരുന്ന വലിയ തോടിന് മുകളിലൂടെ ഒന്നര മാസം പ്രായമായകുഞ്ഞിനെ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ മറുകരയെത്തിച്ച് ഹീറോകളായിരിക്കുകയാണ് പെരിങ്ങോം അഗ്നിരക്ഷ സേന. (The fire brigade brought the one and a half month old baby to the other side over the big stream)
കണ്ണൂർ ചെറുപുഴ കോഴിച്ചാല്‍ ഐഎച്ച്ഡിപി പ്രദേശത്ത് മരപ്പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയാണ് മറുകരയിൽ എത്തിച്ച് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. കാര്യങ്കോട് പുഴയിലേക്ക് ചേരുന്ന വലിയ തോടിന് കുറുകെയുള്ള മരപ്പാലം വ്യാഴാഴ്ച ഉച്ചയോടെയാണ് ശക്തമായ മലവെളളപ്പാച്ചിലില്‍ തകര്‍ന്നത്. പാലം പുനര്‍നിര്‍മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷ സേന ഒന്നര മാസമായ കുഞ്ഞിനെ ഉള്‍പ്പെടെ മറുകരയെത്തിച്ചത്.