ക്യാൻസർ ചികിത്സയ്ക്കായി നാഗ്പുരിൽ എത്തിയ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവർ നാഗ്പൂരിലെത്തിയത്. (Malayali couple who came to Nagpur for cancer treatment is found dead)
മൂന്നു മാസം മുൻപാണ് ചികിത്സയ്ക്കായി ഇവർ നാഗ്പുരിൽ എത്തിയത്. പ്രിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഇതാണ് ആത്മഹത്യെയിലേക്ക് നയിച്ചെന്നാണ് സൂചന.
ഒപ്പമുണ്ടായിരുന്ന മകൾ സംഭവസമയം ഉറങ്ങുകയായിരുന്നു. ചികിത്സയ്ക്കായി വാങ്ങിയ കടങ്ങൾ കൊടുത്തു തീർക്കാൻ കഴിയാതെ വന്നതോടെയാണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് സൂചന.
‘ഗജൻ നഗറിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുറച്ചുനാൾ മുൻപായിരുന്നു തലച്ചോറിലെ അർബുദ ബാധയെക്കുറിച്ച് പ്രിയ അറിയുന്നത്. ചികിത്സയ്ക്കായാണ് ഇവിടേക്കെത്തിയത്. ആഴ്ചയിൽ 20,000ൽ പരം രൂപ ചികിത്സയ്ക്കായി നീക്കിവയ്ക്കേണ്ടിവന്നത് കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
കൈവശമുള്ള പണം തീർന്നപ്പോൾ മറ്റുള്ളവരിൽനിന്നു കടംവാങ്ങാൻ തുടങ്ങി. ജൂലൈ ഒന്നികം കൊടുത്തുതീർക്കണമെന്ന നിബന്ധനയിലായിരുന്നു കടംവാങ്ങിയത്. ഇതിനു കഴിയാതെ വന്നതോടെയാണ് ഇവർ വിഷം കഴിച്ചത്. അന്വേഷണം നടക്കുന്നു’’ – ജരിപട്ക പൊലീസ് സ്റ്റേഷൻ വക്താവ് അറിയിച്ചു.