അല്പം വൈകി ആലുവ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ വീടെത്തണമെങ്കിൽ അല്പമൊന്നു വിഷമിക്കും. ട്രെയിന്‍ ഇറങ്ങി വരുന്ന യാത്രക്കാര്‍ സമീപ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ പ്രത്യേകിച്ചും. എന്തെങ്കിലും മിണ്ടിയാൽ പരസ്യമായി അപമാനിക്കപ്പെടുന്ന അവസ്ഥ.(Difficulty caused by auto drivers to night passengers at Aluva railway station)
റയിൽവേ സ്റ്റേഷനിലെ ഓട്ടോക്കാരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറില്‍ പൊലീസ് ആഘോഷപൂര്‍വ്വം തുറന്ന പ്രീപെയ്ഡ് കൗണ്ടര്‍ വൈകുന്നേരമായാല്‍ പ്രവർത്തനം നിർത്തും. പിന്നെ ഓട്ടോക്കാരുടെ ഇഷ്ടം പോലെയാണ് കാര്യങ്ങൾ.
ഹ്രസ്വദൂരയാത്രക്കാരെ ഓട്ടോറിക്ഷകള്‍ ഗൗനിക്കാറില്ല. യാത്രക്കാര്‍ സമീപ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ ഓട്ടോകള്‍ ഓട്ടം വിളിച്ചാല്‍ വരില്ല. ചോദ്യം ചെയ്‌താൽ പിന്നെ അപമാനിക്കലായി. അന്യസംസ്ഥാന തൊഴിലാളികളെ യാത്രക്കാരായി ലഭിക്കാനാണ് ഡ്രൈവര്‍മാര്‍ക്ക് താത്പര്യം.
പെരുമ്പാവൂര്‍ മേഖലയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നത് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ്. 500 മുതല്‍ 1000 രൂപ വരെ ഒരാളില്‍ നിന്നും വാങ്ങുന്നുവെന്നും പറയുന്നു.
ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്. യൂണിയന്റെ പിന്‍ബലം ഉള്ളതിനാല്‍ ചോദ്യം ചെയ്യുന്നവരെ അപമാനിക്കുന്നതായും പരാതി ഉയരുന്നുണ്ട്. നേരത്തെ മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രീപെയ്ഡ് ബൂത്ത് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ബൂത്ത് പുനരാരംഭിച്ചെങ്കിലും പകല്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇത് രാത്രിയിലേക്കുംകൂടി നീട്ടിയാൽ പ്രശ്നത്തിന് പരിഹാരമാകും.