വാഷിംഗ്ടണ്‍: സുനിതാ വില്യംസിനെയും ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോർച്ച ഗുരുതരമല്ലെന്ന് കണ്ടെത്തൽ.
ഇന്ന് രാത്രി ഇന്ത്യൻ സമയം ഒൻപതരയോടെ സുനിതാ വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി പേടകത്തെ ഡോക്കിങ് നടത്തും. പിന്നാലെ നിലയത്തിൽ ഇരു യാത്രികരും പ്രവേശിക്കും. ഏഴു ദിവസം തങ്ങിയ ശേഷമാകും തിരികെ ഭൂമിയിലേക്ക് എത്തുക.
സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം നടക്കുന്നത്.
പതിനെട്ട് വര്‍ഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാല്‍പതാം വയസ്സിലായിരുന്നു ഇത്. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോള്‍ 58-ാം വയസ്സില്‍ അവരുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ്. രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കന്‍ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു.