സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. ( MV Govindan defamation case: Swapna Suresh got bail)
അതേസമയം പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സ്വപ്ന കോടതിയിൽ ഹാജരായത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്ദാനം ചെയ്തെന്നായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്.
സ്വപ്നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More: കുതിച്ചുയർന്ന് സ്വർണവില, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; വില ഇങ്ങനെ