തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ.
ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി 2 വർഷത്തെ ന്യൂറോ ഇന്റർവെൻഷൻ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഇതിലൂടെ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകൾ അടയുമ്പോൾ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കൽ ത്രോമ്പക്ടമി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കൽ കോളേജിലെ സമഗ്ര സ്ട്രോക്ക് സെന്ററിൽ സജ്ജമാക്കി വരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കൽ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളിൽ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റൻവെൻഷൻ സംവിധാനം വന്നതോടു കൂടി തിരുവനന്തപുരം മെഡിക്കൽ കോളേജ് സമഗ്ര സ്ട്രോക്ക് സെന്ററായി പൂർണമായി മാറിയിരിക്കുകയാണ്.
സ്ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആൻജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തിൽ ഈ കാലയളവിൽ സജ്ജമാക്കിയിട്ടുണ്ട്. സ്ട്രോക്കിന്റെ ചികിത്സയായ രക്തം അലിയിക്കുന്ന ത്രോംബോലൈസിസും മെക്കാനിക്കൽ ത്രോമ്പക്ടമിയും കഴിഞ്ഞ രോഗികൾക്ക് തീവ്ര പരിചരണം നൽകുവാൻ 12 കിടക്കകളുള്ള സ്ട്രോക്ക് ഐസിയു സ്ഥാപിച്ചിട്ടുണ്ട്.
തീവ്ര പരിചരണത്തിനിടയിൽ തലച്ചോറിൽ അമിതമായ നീർക്കെട്ടുണ്ടായാൽ ന്യൂറോസർജന്റെ സഹായത്തോട് കൂടി ഡികമ്പ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനവുമുണ്ട്. ചെറിയ രീതിയിൽ സ്ട്രോക്ക് വന്നാൽ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കിൽ വാസ്‌ക്യുലർ സർജന്റെ സഹായത്തോട് കൂടി എന്റാർട്ട്റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കൽ കോളേജിലുണ്ട്. നൂതന സംവിധാനങ്ങളായ ന്യൂറോ ഇന്റർവെൻഷൻ, ഡി കമ്പ്രസീവ് ക്രയിനെക്ടമി, എന്റാർട്ട്റെക്ടമി, തീവ്ര പരിചരണം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് സമഗ്ര സ്ട്രോക്ക് സെന്ററാണ് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിരിക്കുന്നത്.
Read More: യു.കെ കേംബ്രിജ് സിറ്റിയുടെ മേയറായി കോട്ടയം സ്വദേശി ബൈജു തിട്ടാല; യു.കെ മലയാളികൾക്ക് അഭിമാന നിമിഷം
Read More: രാമേശ്വരം കഫേ സ്ഫോടനം; ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരുമായി ബന്ധമുള്ള. ഷോയിബ് അഹമ്മദ് മിർസ പിടിയിൽ
Read More: ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു