ചെന്നൈ: ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാല്‍ ഫൈനല്‍ പ്രവേശത്തിനപ്പുറത്തേക്ക് മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനെ തേടിയെത്തും. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായത്. അന്ന് മുതല്‍ സഞ്ജു മലയാളികള്‍ക്ക് മാത്രമല്ല രാജസ്ഥാനിലും പ്രിയപ്പെട്ട താരം.
ആദ്യ ക്വാളിറയറില്‍ തോറ്റതോടെയാണ് എസ്ആര്‍എച്ചിനു ഫൈനലിലെത്താന്‍ ഒരവസരം കൂടി ലഭിച്ചത്. അഹമ്മദാബാദില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ കെകെആര്‍ എട്ടു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ പൊരുതാന്‍ പോലുമാവാതെ പാറ്റ് കമ്മിന്‍സും സംഘവും കീഴടങ്ങുകയായിരുന്നു.
റോയല്‍സാവട്ടെ എലിമിനേറ്ററില്‍ ജയിച്ചാണ് രണ്ടാം ക്വാളിഫയറിനു അര്‍ഹത നേടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാലു വിക്കറ്റിനു റോയല്‍സ് തകര്‍ത്തുവിടുകയായിരുന്നു. ഈ വിജയം നല്‍കിയ ആത്മവിശ്വാസം തീര്‍ച്ചയായും എസ്ആര്‍എച്ചിനെതിരേ സഞ്ജുവിനെയും സംഘത്തെയും സഹായിക്കും.
നേരത്തേ ലീഗ് ഘട്ടത്തില്‍ ഒരു തവണയാണ് റോയല്‍സും ഹൈദരാബാദും മുഖാമുഖം വന്നത്. അവസാനത്തെ ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഹൈദരാഹാദ് ഒരു റണ്‍സിന്റെ നാടകീയ വിജയവും സ്വന്തമാക്കി. അന്നത്തെ പരാജത്തിനു കണക്കുതീര്‍ക്കുയെന്ന ലക്ഷ്യം കൂടി ഇത്തവണ റോയല്‍സിനുണ്ടാവും.
സാധ്യതാ ഇലവന്‍ ഇങ്ങനെ:
രാജസ്ഥാന്‍ റോയല്‍സ്: ടോം കോഹ്ലര്‍ കാഡ്‌മോര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, റോവ്‌മെന്‍ പവെല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍.