ആലപ്പുഴ: ആറ് തൊഴിലാളികളുടെ 45 ദിവസം നീണ്ട അധ്വാനം. മൊത്തം 8 ലക്ഷം രൂപ ചെലവ്. 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പിന്നോട്ട് മാറ്റി സ്ഥാപിച്ചു. റോഡിനോട് ചേർന്ന് നിന്ന വീടാണ് പൊളിച്ചുമാറ്റാതെ പിന്നോട്ട് മാറ്റിയത്. യാതൊരു കേടുപാടുകളും കൂടാതെയാണ് വീട് മാറ്റിസ്ഥാപിച്ചത്. ആദ്യം കെട്ടിടം ഉയർത്തി. അതോടൊപ്പം പുതിയ സ്‌ഥലത്തു ബേസ്മെൻ്റ് നിർമാണവും നടത്തി. അതോടെ വേഗം തന്നെ കെട്ടിടം മാറ്റി സ്‌ഥാപിക്കാൻ കഴിഞ്ഞു. 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പുറകോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്ഥാപിച്ചു.

കുരുക്ഷേത്രയിൽ പയറ്റിത്തെളിഞ്ഞ ആറു പേർ; നിത്യ തൊഴിലിൽ തഴക്കവും വഴക്കവും വന്നവർ; 45 ദിവസം കൊണ്ട് 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പിന്നോട്ട് മാറ്റി; രാമചന്ദ്രൻ നായർ ഹാപ്പിയാണ്
മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രൻ നായരുടെ പല്ലാരിമംഗലത്തെ വീടാണ് പിറകോട്ട് മാറ്റിയത്. എൽഐസിയിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി വിരമിച്ചയാളാണ് രാമചന്ദ്രൻ നായർ. നാല് വർഷം മുൻപാണ് പല്ലാരി മംഗലത്ത് 26 സെൻ്റ് സ്‌ഥലവും വീടും ഉൾപ്പടെ വാങ്ങിയത്. എന്നാൽ പുറകിൽ ഏറെ സ്‌ഥലം ഉണ്ടായിരുന്നെങ്കിലും വീട് റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഏറെ അസൗകര്യം ഉണ്ടായി. ആദ്യം വീട് പൊളിച്ചു പുതിയത് നിർമിച്ചാലോ എന്നാലോചിച്ചു. ചെലവ് ഏറെയായതിനാൽ തീരുമാനം മാറ്റി. കെട്ടിടം പിന്നിലേക്കു നീക്കാം എന്നായി തീരുമാനം. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിലെ കുരുക്ഷേത്ര ശ്രീറാം ടീമിനെ കണ്ടെത്തി. മൂന്നു നില കെട്ടിടം ഉയർത്തി മാറ്റി പുതിയ സ്‌ഥലത്തു സ്‌ഥാപിച്ച അനുഭവ സമ്പത്തുള്ള കമ്പനിയാണിത്. പിന്നെ പണിയും തുടങ്ങി