ഇത് റീ റിലീസുകളുടെ കാലമാണ്. ശ്രദ്ധേയ ചിത്രങ്ങളുടെ റിലീസ് വാർഷികങ്ങളിലും താരങ്ങളുടെ പിറന്നാൾ ദിനങ്ങളിലുമൊക്കെയുള്ള സാധാരണ റീ റിലീസുകൾ മുതൽ വിദേശ മാർക്കറ്റുകളിൽ വരെ ഒരേ ദിവസം വൈഡ് റിലീസ് ആയെത്തുന്ന റീ റിലീസുകൾ വരെയുണ്ട്. തമിഴ് സിനിമയിൽ നിന്നാണ് ഈ വർഷം ഇതുവരെ ഏറ്റവുമധികം റീ റിലീസുകൾ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ’സ്ഫടികം’ നൽകിയ ആത്മവിശ്വാസത്തിൽ വീണ്ടും ബോക്‌സ് ഓഫീസ് കീഴടക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാഗവല്ലിയുമൊക്കെ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഒരു ‘ഒരു വടക്കൻ വീരഗാഥ’, ‘മണിച്ചിത്രത്താഴ്’, ‘ദേവാസുരം’, ‘ആറാംതമ്പുരാൻ’, ‘ദേവദൂതൻ’ ഉൾപ്പെടെ പത്തോളം സിനിമകളാണ് റീമാസ്റ്ററിങ് ചെയ്‌ത് പ്രദർശനത്തിന് എത്തുന്നത്.
35 വർഷം മുമ്പ് പുറത്തിറങ്ങിയ എസ്ക്യൂബ് ഫിലിംസ് ആണ് ഒരു വടക്കൻ വീരഗാഥ തിയറ്ററുകളിൽ എത്തിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രാഥമിക ജോലികൾ പൂർത്തിയായതായി അണിയറപ്രവർത്തകർ പറഞ്ഞു. 31 വർഷങ്ങൾക്ക് മുമ്പ് തീയറ്ററുകൾ ഇളക്കി മറിച്ച മണിചിത്രത്താഴ് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള റീമാസ്റ്ററിങ് ജോലികൾ കഴിഞ്ഞ് റിലീസിന് തയ്യാറായിരിക്കുകയാണ്. ജൂലൈ-ഓഗസ്റ്റ് മാസത്തിൽ ചിത്രം റീ-റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് അവകാശത്തിനായി ചില കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റീമാസ്റ്ററിങ്ങിന് നേതൃത്വം നൽകിയ മാറ്റിനി നൗവിന്റെ ഉടമ ഡി സോമൻപിള്ള പറഞ്ഞു. മാറ്റിനി നൗവും സംവിധായകൻ ഫാസിലും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്.
‘കാലാപാനി’, ‘വല്യേട്ടൻ’, ‘ദേവാസുരം’, ‘ആറാംതമ്പുരാൻ’ ‘1921’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹൻലാൽ നായകനായി ‘ദേവദൂതൻ’ റീ-റിലീസിന് മുന്നോടിയായുള്ള ഫോർ കെ എഡിറ്റിങ്ങും ഡിഐ ജോലികളും കഴിഞ്ഞു. ചിത്രം രണ്ടു മൂന്നു മാസത്തിനുള്ളിൽ തിയേറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് നിർമാതാവ് സിയാദ് കോക്കർ പറയുന്നത്. 15 വർഷത്തിന് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ റീ റിലീസ് ചെയ്യാനുള്ള പ്രാഥമിക ജോലികളിലാണ് നിർമാതാവ് മഹാസുബൈർ. ‘കിരീടം’ വീണ്ടും തിയേറ്ററിൽ എത്തിക്കാനുള്ള ആലോചനയുണ്ടെന്ന് നിർമാതാവ് കിരീടം ഉണ്ണിയും പറയുന്നു.