തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം ചൂടാകാൻ മലയാളിയുടെ മദ്യപാനവും കൂടി. ചൂട് കൂടുന്ന കാലത്ത് സാധാരണ ബിയറിന്‍റെ വില്‍പ്പനയാണ് കൂടിയിരുന്നത്. എന്നാല്‍ ഇക്കുറി ബിയറിനെക്കാള്‍ മദ്യത്തിന്‍റെ വില്‍പ്പന കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബിയറിന് ആവശ്യക്കാര്‍ കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്‍റെ കണക്കുകൾ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 170 കോടി രൂപയുടെ ബിയര്‍ ആണ് വിറ്റഴിഞ്ഞതെങ്കില്‍ ഇക്കൊല്ലം മാര്‍ച്ചില്‍ അത് 155 കോടി രൂപയായി കുറഞ്ഞു.
എന്നാൽ മദ്യവില്‍പനയില്‍ മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉണ്ടായത്. 2023 മാര്‍ച്ചില്‍ 1384 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഈ വര്‍ഷം അത് 1453 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 1387 കോടിയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് 1467 കോടി രൂപയായി മാറി.
ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ ആകെ 3280 കോടി രൂപയുടെ മദ്യവും ബിയറുമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 132 കോടി രൂപയുടെ അധിക മദ്യമാണ് ചെലവായത്.