ആക്കുളം ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്തെ ഗ്ലാസാണ് തകര്‍ന്ന് വീണത്. ഭാരം കൂടിയ ഏതെങ്കിലും വസ്തു ഇടിച്ചാല്‍ മാത്രമേ പാലം തകരൂ എന്നിരിക്കെ ഗ്ലാസ് ബ്രിഡ്ജിന്റെ തകർച്ചയിൽ ദുരൂഹതയേറുകയാണ്. കൂടാതെ പാലത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും ചോദ്യമുയരുന്നുണ്ട്.
വര്‍ക്കലയിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതിന് പിന്നാലെയാണ് ചില്ലു പാലത്തിന്റെ തകര്‍ച്ച. കഴിഞ്ഞ മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യണ്ട പാലം വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ്. വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.
2023 മേയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതാണ് ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ്. വിനോദസഞ്ചാര വകുപ്പിന് കീഴിൽ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേകത ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിനുണ്ട്. 75 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റർ നീളമുണ്ട്. കൃത്രിമ മഞ്ഞും ചാറ്റൽ മഴയ്ക്കും പുറമേ എൽഇഡി സ്ക്രീനിൻ്റെ സഹായത്തോടെ പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും സാഹസികരെ ലക്ഷ്യമാക്കി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.
Read More: ആ ശുഭ വാർത്തയ്ക്ക് കാതോർത്ത് കേരളം; റഹീമിന്റെ മോചനം വൈകാതെ