പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പിന്നാലെ തുടങ്ങിയ വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നിയമനടപടി ആരംഭിച്ചു. ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾനേരിടേണ്ടി വരുമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ ഇത് സംബന്ധിച്ച് വക്കീൽ നോട്ടിസ് അയച്ചു. ”ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ ആരോപിച്ചതിലൂടെ തന്നെയും പാർട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചു. കമ്യൂണിസ്‌റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള തന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവില്ല. മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്’’– നോട്ടിസിൽ ഇ.പി പറയുന്നു. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ് അയച്ചത്.