ഏറ്റുമാനൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ജാഗ്രത. നിമിഷങ്ങൾക്കകം വാഹനം അപ്രത്യക്ഷമായേക്കാം. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണങ്ങൾ വർദ്ധിക്കുകയാണ്. ഏറെനേരം പാർക്ക് ചെയ്താൽ ഉടൻതന്നെ ‘സ്കെച്ച്’ ഇടുന്നതാണ് ഏറ്റുമാനൂരിലെ മോഷ്ടാക്കളുടെ രീതി. പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരങ്ങളിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ പെട്രോൾ ഇല്ലാത്ത ഇരുചക്രവാഹനം തള്ളിക്കൊണ്ട് പോകുന്നത് ഏറ്റുമാനൂരിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം റെയിൽവേയുടെ ജോലിക്ക് എത്തിയ കോൺട്രാക്ടറുടെ ബൈക്ക് പെട്രോൾ ഊറ്റിയ ശേഷം കേടുപാടുകൾ വരുത്തിയാണ് മോഷ്ടാക്കൾ കടന്നത്.
അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷണം പോയതാണ് ഏറ്റവും പുതിയ സംഭവം. ഇന്നലെ പുലർച്ചയോടെയാണ് മാധ്യമപ്രവർത്തകനും അതിരമ്പുഴ സ്വദേശിയുമായ രാജു കുടിലിന്റെ സ്കൂട്ടർ വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും രണ്ടുപേർ സ്കൂട്ടർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു ദിവസങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥൻ സണ്ണി കുര്യന്റെ ബൈക്ക് മോഷണം പോയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നീണ്ടൂർ ഏറ്റുമാനൂർ കിസ്മത്ത് പടി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് അതിരമ്പുഴ ഭാഗങ്ങളിൽ നിന്നായി പത്തോളം വാഹനങ്ങളാണ് മോഷണം പോയത്. പകൽ പരിസരങ്ങൾ നോക്കി വെച്ചശേഷം രാത്രിയെത്തി മോഷ്ടിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. ആക്രി കച്ചവടത്തിന്റെ മറവിൽ നടക്കുന്ന മോഷണങ്ങൾ വേറെ. വാഹനം മോഷണത്തിന് പിന്നിൽ കൂടുതലും കഞ്ചാവ് ലഹരി മാഫിയകൾ ആണെന്നാണ് പോലീസ് പറയുന്നത്. വഴിയിൽ ഇന്ധനം തീരുകയോ തകരാറ് സംഭവിക്കുകയോ ചെയ്താൽ ഉപേക്ഷിച്ചു പോകുന്നതാണ് ഇവരുടെ രീതി. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ പരിസരവും ഇവരുടെ താവളം ആയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ വെച്ചിട്ട് അല്പസമയം പോലും മാറി നിൽക്കാനാവാത്ത അവസ്ഥയാണ് ഇവിടെ. തിരികെ എത്തുമ്പോൾ പെട്രോൾ ഊറ്റുകയും വണ്ടി കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ടാകുമെന്ന് യാത്രക്കാർ പറയുന്നു. പോലീസിന്റെ അടിയന്തര നടപടികൾ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.