വന്ദേഭാരത് പ്ലാറ്റ്ഫോമിൽ ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ബുള്ളറ്റ് ട്രെയ്നുകൾ വരുന്നു. മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിർമാണപ്രവർത്തനങ്ങൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുന്നത്. വേഗതയിൽ നിലവിലുള്ള എല്ലാ ട്രെയിനുകളെയും മറികടക്കുന്നതായിരിക്കും ബുള്ളറ്റ് ട്രെയിനുകൾ. നിലവിലുള്ള ഫ്രഞ്ച് ടി.ജി.വി, ജാപ്പനീസ് ഷിങ്കൻസെൻ എന്നീ ബുള്ളറ്റ് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 250 കീലോമീറ്ററിലധികമാണ്.
ജാപ്പനീസ് ടെക്‌നോളജിയിൽ നിർമിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാനാകും. ജപ്പാന്റെ സഹകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് നിർമിച്ച പുതിയ ട്രാക്കിലായിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ ഓട്ടം. മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. 54 സെക്കൻഡിനുള്ളിൽ നൂറുകിലോമീറ്റർ വേഗം കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിർമാണത്തിലുള്ളതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. തദ്ദേശീയ സാങ്കേതികവിദ്യയും ആഭ്യന്തരോത്പാദനവും കൂടുതലായി പ്രയോജനപ്പെടുത്തിയാണ് നിർമാണം.മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽപദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി 40,000 കോടി രൂപയാണ് വായ്പ നൽകിയത്. മൊത്തം പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.