കൊച്ചി: വിവാദ മലയാള ചിത്രം ‘ദ കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ചതിന് പിന്നാലെ മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശിപ്പിച്ച് കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ 9.30നായിരുന്നു പ്രദർശനം. ‘മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിച്ചത്.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റൻസീവ് ബൈബിൾ കോഴ്‌സിന്റെ ഭാഗമായാണ് വിശ്വാസപരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികളെ ഡോക്യുമെന്ററി കാണിച്ചത്. സഭയിലെ മറ്റ് രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്റെ പിന്നാലെയാണ് മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയിരിക്കുന്നത്.
നൂറിലേറെ വരുന്ന ബൈബിൾ വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി കാണാൻ അവസരമുണ്ടായെന്നും മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികൾ അറിയണമെന്ന് പള്ളി വികാരി നിധിൻ പനവേലിൽ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയൊ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് അതിൽ മാറ്റം വരില്ലെന്നും പള്ളി വികാരി കൂട്ടിച്ചേർത്തു.
കേരളാ സ്‌റ്റോറിയിൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ ഈ വിഷയത്തിൽ ഭിന്ന അഭിപ്രായങ്ങൾ ശക്തമാണ്. പ്രണയ കെണിക്കെതിരായ ബോധവൽക്കരണം ആവശ്യമെന്ന് പറയുന്നവർ തന്നെ കേരള സ്റ്റോറി സിനിമ ഏറ്റെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായത്തിലാണ്. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും’ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേരള സ്‌റ്റോറിയിൽ സഭയ്ക്കുള്ളിൽ രണ്ടഭിപ്രായം വ്യക്തമാണ്. ഇത് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന വിലയിരുത്തൽ സജീവമാണ്.
കേരള വിരുദ്ധവും മുസ്ലിം വിരുദ്ധവുമെന്നും ആർഎസ്എസ് അജൻഡയെന്നും എൽ.ഡി.എഫും, യു.ഡി.എഫും ആരോപിക്കുന്ന കേരള സ്റ്റോറി ഇടവകകളിൽ പ്രദർശിപ്പിക്കുന്നതിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാവുകയാണ്. കുട്ടികൾ പ്രണയ ബന്ധത്തിൽപ്പെട്ട് വഴി തെറ്റിപ്പോകാതിരിക്കാനുള്ള ബോധവത്കരണമാണെന്നാണ് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ ജാഗ്രതാ കമ്മിഷന്റെ ന്യായീകരണം. സിറോ മലബാർ സഭയും ഇതിനെ അനുകൂലിച്ചിരുന്നു.
എന്നാൽ, നുണകളെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിച്ചത് ചിലരുടെ രാഷ്ട്രീയ അജൻഡയിൽ വീണതിനാലാണെന്ന യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇക്കാര്യത്തിലുള്ള ഭിന്നത പ്രകടമാക്കി.വെറുപ്പും വിദ്വേഷവുമല്ല, സ്‌നേഹത്തിന്റെ സുവിശേഷമാണ് യേശുദേവന്റെ അനുയായികൾ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.