തെരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കേ വോട്ടർമാരെ ലക്ഷ്യമിട്ട് മോദിയുടെ തുറന്ന കത്ത്. വാട്ട്സ്ആപ്പ് വഴിയാണ് സാംദേശം എത്തിയത്. വികസിത് ഭാരത് സങ്കൽപ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട വികസന തീരുമാനങ്ങൾ കത്തിൽ എണ്ണിപ്പറയുന്നു. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയതും ജി.എസ്.ടി നടപ്പാക്കിയതും ഉൾപ്പെടെ ഉള്ള കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്.
പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. തുടർന്നാണ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നത്. രാജ്യത്തെ ജനജീവിതത്തിലുണ്ടായ പരിവർത്തനമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ വലിയ നേട്ടമെന്ന് മോദി പറയുന്നു. രാജ്യക്ഷേമത്തിനായി ധീരമായ തീരുമാനമെടുക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണയാലാണ്. വികസിത ഭാരതം യാഥാർഥ്യമാക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മുത്വലാഖ് നിരോധനം, ഇടതു ഭീകരവാദം തടയാൻ കൈക്കൊണ്ട നടപടികൾ എന്നിവയെല്ലാം സർക്കാരിന്റെ നേട്ടമായി എണ്ണിപ്പറയുന്നുണ്ട്. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനാകുമെന്ന പ്രത്യാശ പങ്കുവച്ചാണ് കത്ത് അവസാനിക്കുന്നത്.