ഇടുക്കി: വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയപ്പോഴാണ് ചുറ്റിക കണ്ടെടുത്തത്. നവജാത ശിശുവിനെയും വിജയൻ എന്നയാളെയും കൊലപ്പെടുത്തിയ കേസിലാണ് നിതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയന്റെ കൊലപാതകത്തിൽ മകൻ വിഷ്ണുവും ഭാര്യ സുമയും പ്രതികളാകും. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു. വീടിനുള്ളിൽ ചെറിയ കുഴിയെടുത്ത് സിമന്റ് തേച്ചതായി കാണുന്നുണ്ടെന്ന് പഞ്ചായത്തംഗമായ ഷാജി പറഞ്ഞു. വീട്ടിനുള്ളിൽ ചാക്ക് കെട്ടുകൾ പോലെ എന്തൊക്കെയോ ഉണ്ടെന്ന് മറ്റൊരു പഞ്ചായത്തംഗമായ രമാ മനോഹരനും വ്യക്തമാക്കി.
മുറികളെല്ലാം തന്നെ അലങ്കോലമായിട്ടാണ് കിടക്കുന്നതെന്നും മുറിക്കുള്ളിൽ ഒട്ടേറെ ചാക്കുകെട്ടുകളുണ്ടെന്നും മുറിക്കകത്ത് കർട്ടൻ പോലെ പ്ലാസ്റ്റിക്കുകൾ കൊണ്ട് മറച്ചിരിക്കുന്നതായും പഞ്ചായത്തംഗം ഷാജി പറഞ്ഞു. അവരുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണെന്നതിന്റെ തെളിവാണ് അവരുടെ വീടെന്നും ഷാജി കൂട്ടിച്ചേർത്തു. ആൾതാമസമുള്ള വീടായി തോന്നുന്നേയില്ലെന്നാണ് പഞ്ചായത്തംഗമായ രമയുടെ വാക്കുകൾ. ചാക്കുകെട്ടുകളും അതുപോലെ പൂജ നടന്നതിന്റെ ലക്ഷണങ്ങളും വീടിനുള്ളിൽ കാണുന്നുണ്ട്. വീടിനകം ഭയപ്പെടുത്തുന്നുവെന്നും രമ പറഞ്ഞു.
വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, മരിച്ച വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കയ്യിലും കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.
രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറിൽ ചൂണ്ടിക്കാണിക്കുന്നു. കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചിടുകയാണുണ്ടായത്. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.