ഗാസയിൽ ഭക്ഷണ വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവർക്കെതിരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 112 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച സഹായ വിതരണ പോയന്റിലുണ്ടായിരുന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെടിവെപ്പുണ്ടായ കാര്യം ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഭക്ഷണം വാങ്ങാനായി ലോറികള്‍ക്ക് മുന്നില്‍ കൂടിയിരുന്നത്. ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തപ്പോള്‍, ലോറികള്‍ മുന്നോട്ടെടുത്തു. ഇതിനിടെ ജനങ്ങള്‍ ചിതറിയോടിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഈജിപ്തില്‍ നിന്ന് ഭക്ഷണ സാധനങ്ങളുമായി എത്തിയ 30 ട്രക്കുകള്‍ കടന്നുപോകുന്നതിനിടെ ജനക്കൂട്ടം തടിച്ചുകൂടി. ഇവര്‍ ലോറികള്‍ക്ക് മുകളിലേക്ക് കയറി ഭക്ഷണ സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം വെടിയുതിർക്കുകയായിരുന്നു.
സംഭവം കൂട്ടക്കൊലയാണെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സംഭവത്തില്‍ അപലപിച്ചു. 766 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, മുന്നറിയിപ്പ് എന്ന രീതിയിലാണ് ടാങ്കില്‍ നിന്ന് വെടിയുതിര്‍ത്തത് എന്നാണ് ഇസ്രയേലി സൈന്യം അവകാശപ്പെടുന്നത്. ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തില്ലെന്നും സൈന്യം അവകാശപ്പെട്ടു. ഇസ്രയേല്‍ സൈന്യം നേരിട്ട് വെടിവെക്കുകയായിരുന്നു എന്നാണ് പരുക്കേറ്റവര്‍ പറയുന്നത്. ഇസ്രയേല്‍ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.