മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി അറസ്റ്റിലായി. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയിലാണ് പ്രതിയെ വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിൽ കണ്ടെത്തിയത്. കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
