മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഉണ്ടായേക്കില്ല. താരത്തിന് വിശ്രമം നൽകുമെന്നാണ് വിവരം. തുടർച്ചയായ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നതിനാലാണ് താരത്തിന് വിശ്രമം നൽകാൻ ആലോചിക്കുന്നത്. പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ബുംറ 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ബുംറയ്ക്ക് പകരക്കാരനായി മുകേഷ് കുമാർ ടീമിൽ ഉൾപ്പെട്ടേക്കും. മൂന്നാം ടെസ്റ്റിൽ ടീമിൽ അവസരം ലഭിക്കാതെ പോയ മുകേഷ് കുമാറിനോട് രഞ്ജി ട്രോഫി കളിക്കാൻ നിർദ്ദേശിച്ചിരുന്നു. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന മധ്യനിര ബാറ്റർ കെ എൽ രാഹുലും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എങ്കിൽ മോശം ഫോമിലുള്ള രജത് പാട്ടിദാറിന് സ്ഥാനം നഷ്ടമാകും.
മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ നേടിയത്. വിജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാൽ പരമ്പരയിൽ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പ്രതികരിച്ചു. അഞ്ച് മത്സരം കഴിയുമ്പോൾ 3-2ന് ഇംഗ്ലണ്ട് വിജയിക്കുമെന്നും സ്റ്റോക്സ് പറഞ്ഞു. ഫെബ്രുവരി 23 മുതൽ റാഞ്ചിയിൽ നാലാം ടെസ്റ്റ് ആരംഭിക്കും.