മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായാണ് ‘ഭ്രമയുഗ’ത്തിന്റെ വരവ്. പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന നടനെ കാണാൻ കഴിയില്ല. കൊടുമൺ പോറ്റി എന്ന കഥാപാത്രം മാത്രം. പ്രേക്ഷനെ പിടിച്ച് ഇരുത്താൻ സാധിക്കുന്ന ഒരു സിനിമ. അഭിനയിക്കാൻ മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം എന്ന് ഏവരും ഒരേ സ്വരത്തിൽ പറഞ്ഞുവെങ്കിൽ അത് തന്നെയാണ് ചിത്രത്തിന്റെ വിജയം .
അധികാരത്തിന്റെ ഹുങ്കോടെ നടക്കുന്ന കൊടുമൺപോറ്റി. തനിക്ക് അഭയം നൽകിയയാൾക്കു മുന്നിൽ നിസ്സഹായനായി നിൽക്കുന്നൊരു പാണൻ. അകത്തളത്തിൽ എപ്പോഴും പണിയെടുക്കുന്നൊരു വേലക്കാരൻ. ഭയത്തിന്റെ ചുരുളിൽനിന്ന് ഒരിക്കലും പുറത്തുകടക്കാൻ പറ്റാതെ കുടുങ്ങിക്കറങ്ങിപ്പോവുന്ന മനുഷ്യർ. കഥാപാത്രങ്ങളുടെയും കാണികളുടെയും മനസ്സു കൊണ്ട് പകിട കളിക്കുകയാണ് ‘ഭ്രമയുഗ’ത്തിലൂടെ സംവിധായകൻ.
കൊടുമൺ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയും സസ്പെന്‍സുമാണ് സിനിമ. അയാളുടെ മാന്ത്രികവും താന്ത്രികവുമായി ശക്തി പ്രകടിപ്പിക്കുന്ന ആദ്യ പകുതി. കഥാപാത്രത്തിന്റെ ഉള്ളിലെ കാണാവഴികള്‍ ചുരുളഴിയുന്ന രണ്ടാം പകുതി. സർഗ്ഗാത്മകതയുടെയും പുതുമയുടെയും കൃത്യമായ മിശ്രിതം ഈ സിനിമയുടെ കഥാഗതിയെ അതിമനോഹരമായി നിയന്ത്രിക്കുന്നു.
അമാനുഷികതയുടെയും ഭ്രമിപ്പിക്കലിന്റെയും ഇടയിലൂടെ പറഞ്ഞുറപ്പിക്കുന്ന രാഷ്ട്രീയം ഈ സിനിമയെ ഈ കാലത്തിന്റേതു കൂടിയാക്കുന്നു. അധികാരത്തിന്റെ സുഖലോലുപതയിൽ കഴിയുന്നവർക്ക് എന്തും ചെയ്യാനുള്ള വെറും ഉപകരണങ്ങളാകുന്ന കീഴാളരുടെ ദുരവസ്ഥ. ഭയം കാരണം അവരുടെ പിടിവള്ളിയിൽ നിന്ന് ഊരിപ്പോകാനാകാത്തതിലെ സംഘർഷം. എങ്കിലും ഭയത്തിന്റെ കോട്ടയിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവർ തേടുന്നു. അധികാരം പിടിച്ചെടുക്കുമ്പോൾ അവിടെ രൂപം കൊള്ളുന്ന പക. അധികാരത്തിന്റെ താക്കോല്‍ തങ്ങളുടെ കയ്യിലായി എന്ന് തോന്നുന്നിടത്ത് തുടങ്ങുന്ന തമ്മിലടി. പതിനേഴാം നൂറ്റാണ്ടിലെ ഇരുണ്ട കാലത്തിന്റെ കഥ പറഞ്ഞ ചിത്രം അങ്ങനെ ചിലയിടങ്ങളില്‍ ഈ കാലത്തെ അധികാരത്തിന്റെ ഇരുണ്ട ചില ഇടനാഴികളെ ഓര്‍മ്മിപ്പിക്കുന്നത് യാദൃച്ഛികമാകാന്‍ ഇടയില്ല.
പേടിപ്പിച്ചും ആകാംക്ഷയേറ്റിയുമുള്ള ആദ്യ പകുതിയിൽ ഉത്തരംകിട്ടാത്ത കുറേ ചോദ്യങ്ങൾ ബാക്കി വെയ്ക്കുന്നു. രണ്ടാം പകുതിയിൽ ആ ഉത്തരം തേടിയുള്ള യാത്രയാണ്. അകത്തളത്തിൽ അകപ്പെട്ട പാണനൊപ്പം പ്രേക്ഷകരും ഉത്തരം തേടി അലയുന്നു. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാകാതെ കാണികളെ അവിടെ പിടിച്ചിരുത്തുന്നുണ്ട് ഭ്രമയുഗം.
Read Also: സിനിമാ റിലീസ് നിർത്തിവെക്കുമെന്ന് ഫിയോക്; വ്യാഴാഴ്ച മുതല്‍ മലയാള സിനിമ റിലീസ് ചെയ്യില്ല